പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു.
പ്രൊമിത്യുസ് നിന്നെ ഞാൻ അറിയുന്നു.
പ്രണയം കൺകാട്ടി കരൾ കാട്ടി ഉടൽകാട്ടി
പ്രേയസ്സിതൻ മനംകാട്ടി വിളിക്കുന്പോൾ
വഞ്ചനയുടെ വിശ്വാസഗോപുര മേടകളിൽ
ഉയർന്നമരും നിശ്വാസാവേഗ സതിരുകളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു
കരളറ്റ മനമറ്റ നെഞ്ചിലെ, പച്ച മാംസത്തിന്റെ
നുറുങ്ങുന്ന വേദനയിൽ, നിണം നിറയുന്ന
ദുരമൂത്ത കഴുകിൻ കൊക്കാഴ്ത്തുമൂർച്ചകളിൽ
വീശുന്ന കാറ്റിന്റെ കുളിരാർന്ന ഗമനങ്ങളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു.
ശോണിതനിണംപഴകി ജ്വലിക്കുന്ന കരിം
കന്മദക്കൂട്ടങ്ങളിൽ, ആ മണംതേടിയണയും
പ്രാണികളുടെ കണ്ണികളറ്റാത്തശ്രേണികളിൽ
നിറയുന്നക്ഷീരപഥ താഴ്വാര, തീരങ്ങളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു
നിശയുടെ മദ്ധ്യേ പാറിയടുക്കും ചിറകടിയിൽ
അമർത്തി വലിക്കുന്ന മാറിലെ മുറിവുകളിൽ
അടരുന്ന ശ്വാസചലന നിമ്നോന്ന വേഗങ്ങളിൽ
മുറിവുതഴുകി പുലരി പകരുന്നലേപങ്ങളിൽ
പ്രൊമിത്യൂസ് നീയെന്നെ ഉയർത്തുന്നു
യുഗങ്ങളേനിറയ്ക്കുന്ന പ്രേമാത്മരോദനകളിൽ
യുവതയുടെ നിസ്വാർത്ഥസ്നേഹ വേദനയിൽ
യൗവനതൃഷ്ണകളുടെ പ്രോക്തനിശീഥത്തിൽ
നനഞ്ഞറിയുന്ന അനുഭവോപ്പുനീരുകളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു.
നീ പകർന്നൊരാഗ്നിവെളിച്ചരാവുകളിൽ
അതിലെ ചൂടിന്റെപങ്കുപറ്റിയണയുന്ന
വിളറിയ ചുണ്ടിലെ നിണം മണക്കുന്ന
തേറ്റ ഒളിപ്പിച്ച സ്നേഹമരുപ്പച്ചകളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു.
അന്ധകാരമാഭീകരത നിറയുംയാമങ്ങളിൽ
പ്രകാശധാരയെ വർണ്ണവെറിതൻ പുതപ്പാൽ
മറയ്ക്കുന്ന, ജനതയുടെ നെഞ്ചിലെ നിണം നക്കുന്ന,
ചുവന്ന നാവുകൾ നിറയുന്ന നാടുകളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ തേടുന്നു
പൈതലിൻ പശിനോവടക്കുന്നതെരുവിലെ
വിരിയിട്ട വിഴുപ്പു പുതകൾ നൽകുന്ന
നൈമിഷിക സുഖങ്ങളുടെ വിയർപ്പൊട്ടിയ
നോട്ടുകളുടെ ശീതളിമകൾക്കിടയിൽ
പ്രൊമിത്യൂസ് ഞാൻ എന്നെ തേടുന്നു
ഉയരാത്ത നിലവിളിയുടെ ഭയനിശബ്ദതയെ
ഇരയുടെ രോദനരാഗബന്ധിതകർണ്ണങ്ങളെ
മുന്നിൽ ഇഴയും വേട്ടമൃഗതൃഷ്ണയുടെ
ഭീകര ദൃശ്യങ്ങളിൽ രമിക്കുന്ന മാനവതയിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ കാണുന്നു
ഇനിയും പിറക്കാത്ത പിഞ്ചുപൈതങ്ങളെ
ചാപിള്ളയാക്കി സംസ്കാര ഗീതകം പാടുന്ന
അഭിനവസീയുസ്ൻമാരുടെ ജിഹ്വകളിൽ
അഥീനിമാർ ചേലയെപറിക്കുന്നന്തപുരങ്ങളിൽ
പ്രൊമിത്യൂസ് നിന്നെ ഞാൻ തിരയുന്നു
ആത്മാവുവരണ്ടുകീറുമീ സുപ്രഭാതങ്ങളിൽ
തീവിഴുങ്ങിക്കൂട്ടമാർത്തു രമിച്ചു രസിക്കുന്ന
ജീവന്റെ ഈറ്റുപുരകളിലുയരുന്ന രോദനം
നീ എകിയാഗ്നിനാളങ്ങളിലമരുന്ന നാദമെന്ന്
പ്രൊമിത്യൂസ് വീണ്ടും ഞാൻ അറിയുന്നു.
Comments
Post a Comment