ഒരിക്കൽകൂടി മാനിഷാദ


ഒരിക്കൽകൂടി  മാനിഷാദ

അരുത് കാട്ടാളായെന്നരുളിയാകവി
ക്രൗഞ്ചമിഥുനത്തിന്റെ ഘാതകനോടന്ന് 
ഇന്നുചൊല്ലുന്നു ഞാനുമീമലയാളവും
പിഞ്ചിതൾ കുഞ്ഞിനേയും കൗമാരത്തേയും

അരുതുകാട്ടാള അരുതരുതെന്നുകെഞ്ചുന്നു 
അരുമയാം കുഞ്ഞിന്റെ കൊഞ്ചൽ ഉയരട്ടെ
അടവിതന്നിലെ കാട്ടാളക്കുട്ടം വിഹരിക്കും  
ആദിമലയാളം കാണുന്നു ഞാൻ  മുന്നിൽ  

വിപിനമായിരുന്നൊരിക്കൽ മലയാളം 
വിദുരരാംനൃപർ തെളിച്ചവീരകേരളം
വിടപറയാതിന്നും അലഞ്ഞുതിരിയുന്നു 
വന്യരൂപികൾ ഇളം നിണത്തിനായ്ചുറ്റും

അമൃതവർഷിയാം നാടിൻ പുലരികൾ 
അരികിലെത്തിക്കും ക്രൗര്യചിന്തകൾ 
അമ്മയാവേണ്ട നാടിൻ പിഞ്ചുപൈതലെ
പിച്ചിച്ചീന്തുന്ന രാക്ഷസ വാർത്തകൾ

ഒരിക്കൽ കുഞ്ഞുങ്ങൾ പിന്നെ കുമാരിമാർ 
ഒരിടത്തുയരുന്നു  വയോധികരോദനം  
ഒന്നൊഴിയാതെ എന്നും കേൾപ്പുനാട്ടിലെ 
കൊടുംരാക്ഷസർ തന്നുടെ വിവിധ ലീലകൾ

വന്ധ്യമാകുന്നോ ഈ നാടിൻ  പൈതൃകം 
വന്ദിതർതൻ നിണമൊഴുകുന്ന പുഴകളായ് 
ശോണപങ്കിലം ഗംഗ സരസ്വതി മുതൽ 
നിളതൻ തീരവും ചോരമണക്കും മണലളം

വിടരില്ലിനി ഇവിടെ പൂജാ പുഷ്പങ്ങൾ 
വിടപറഞ്ഞീടും നറുമണംപടരുംമലരുകൾ 
വർണ്ണശോഭയാർന്ന സുന്ദര കുസുമങ്ങൾ 
ഒഴിഞ്ഞിടട്ടെ സുന്ദരസുരഭില മലർവാടി  

വരികില്ലിനി നറുമണം തേടുംവണ്ടുകൾ 
വിലാസവതികളാം ഗോപികാവൃന്ദം
മുരളിയൂതുവാൻ  ഒരു ഗോപബാലനും
വൃന്ദാവനംപോലും നിറയും കളകളാൽ

ശ്രവിക്കുന്നു ദൂരെ കാലപാശ ദുന്ദുഭി 
നിയതിപോലും വിറക്കും ശബ്ദങ്ങൾ 
ചൊല്ലിടട്ടെ ആ മഹാത്മാ വചനങ്ങൾ
അരുത് കാട്ടാള, കൊടുംകൃത്യം ചെയ്യരുതുനീ
 





Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ