പതിവ്രത

     പതിവ്രത

വലംകൈയിൽ ക്ഷീരപാത്രവും 
ഇടനെഞ്ചിൽ മിടിപ്പുമായ് 
വലംകാൽവച്ചാ നവോഢ
പൂകുന്നു മണിയറതന്നിതിൽ

വിറകൊള്ളും ഉടലുമായ് 
ചിരിതൂകീടും മുഖവുമായി 
മന്ദം കടന്നുവന്നാകന്യക   
പിതാവാൽ ദാനമായവൾ

വന്യനായ് പശിവിവശനാം 
അടവിതന്നിലെ രാജന്റെ 
മുന്നിലണയും മാൻപേടപോൽ 
വന്നുനിന്നവൾ മനോഹരി

മണിയറയിലെ തൽപത്തിൽ 
വിവശയായ്ഉപവിഷ്ടയായ് 
ഇടംകണ്ണിനാൽ മുഖകമലത്തെ 
പാളിനോക്കി മരുവുന്നു

മുന്നിലമരുമിതുമമകാന്തനോ
എന്ന് മന്ത്രിച്ചെന്നുടെമാനസം
ഇടനെഞ്ചിലെ രോമരാജിയും
തവ കണ്ണിൽ നിറയും കൗതുകം

ആദ്യമായ് ചാരെ വിലസുന്നീ  
കോമളരൂപനെൻനാഥനെന്നു
ഉരചെയ്തു പലവുരുമാതയും 
പിറന്നവീട്ടിലെ പ്രിയനാരിമാരും

കുതൂഹലമയൂര ചിത്തവും 
ചിന്തയിൽ സുവർണ്ണ കനവുമായ് 
ഓതി നാഥന്റെ വാക്കിനുമറുപടി 
ഒന്നായി തീരുമാവേഗരാത്രിയിൽ

പുതുപുലരിയണയുംവേളയിൽ  
നാണം പൊതിയുമനുഭവം 
പുതുകുളിർനിറയ്ക്കുന്ന ജീവിതം
ഏകുമിവനോഉടൽപകുത്തവൻ  

ഇവന്റെ സ്വപ്നങ്ങൾ എന്റെയും 
ഇവന്റെ കുഞ്ഞുങ്ങൾ എന്റെയും 
ഇവൻ തരുന്നതാ  സുഖദുഃഖങ്ങൾ 
ഇവനാണ്  പാരുംപരലോകവും

പതിയിതാണെന്റെ ഞാൻ പതിവ്രത 
പുലരും ജീവിതം ഇവനുമാത്രമായി 
പതിയെ വിടരും കുഞ്ഞുനാന്പുകൾ 
പാരിനെ നിറയ്ക്കും കുഞ്ഞുമാലാഖ

കുഴിച്ചിടപ്പെട്ട കനവിൻ ശ്രേണികൾ 
കഴിവുകാട്ടിയ സുന്ദരനിമിഷങ്ങൾ
പിന്നിൽ വിട്ടവൾ പുതുജന്മമായ് 
പതിവ്രതാ രത്നമായി മാറിടും 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ