പെണ്ണ്

പെണ്ണ് 

അമ്മായെന്നാവിളി ഉച്ചത്തിൽ കേൾക്കുന്പോൾ 
അമ്മതൻ ഇടനെഞ്ചിൽയുയർന്നീടുന്നൊരാളൽ
എന്തെൻ മകൾക്ക്,സഖിയോത്തുവിളയാടുന്നേരം
ഇത്ര സംഭ്രമിച്ചവൾ ഏതും വിളിക്കയെന്നെ

പുറത്തേക്കിറങ്ങാനായ് വാതിൽപ്പടി പൂകെ 
വേഗത്തിൽ നെഞ്ചിലേക്കണഞ്ഞു പൈതൽ 
നിശ്വാസശ്വാസത്തിൽ നിമനോന്നമാകുന്ന 
പിഞ്ചു നെഞ്ചകം, പരിഭ്രമരാഗം മീട്ടിടുന്നു

അമ്മാ,നീ കേൾക്കുക നിന്നുടെയീ പൈതൽ 
ആസന്നമൃത്യു വരിക്കും സമയം ചാരെ 
മകളെ നീയുരചെയ്ക എന്നുടെപൊന്മുത്തല്ലേ
എന്തത്യാഹിതം നിന്നെ  പിന്തുടർന്നു വന്നു

അമ്മാ നീ കാണുക ചെഞ്ചോര മുത്തുകൾ 
എൻ ചേലയെ വിഴുങ്ങി പടർന്നു കാണ്മൂ
പാദദ്വന്ദ്വത്തെ അഭിഷേകമാക്കുന്നു നിണം 
എനിക്കെന്തോ വലിയൊരുമേലായ്ക തന്നെ 

അമ്മമനസ്സിലാഹ്ലാദത്തിരതല്ലലുയരുന്നു
മുഖത്തു വിടർന്നുപരിലസിക്കും മന്ദഹാസം
അമ്മാ നീയെൻമാതയോ ഉരചെയ്ക മമ 
മൃത്യു അടുത്തപ്പോൾ ചെറുപുഞ്ചിരിയോ

മകളേ, നീയിപ്പോൾ നീരാട്ടിനായ്പ്പോക
പുതുചേലകളെടുത്തിട്ടു ഞാനണയാം 
എന്റെ പൊൻകുഞ്ഞേ നീയെൻ മലരല്ലേ 
പരിഭ്രമഹേതുവായ് ഇവിടൊന്നുമില്ല

മഞ്ഞൾചന്ദന കുളിയൊരുക്കം പിന്നെ 
ഭവനത്തിൽ നാലുനാൾ ഉത്സവവും 
മാമിയും മാമനും മച്ചുനനച്ചിമാരെല്ലാം 
പഴപലഹാര കടകളുമായണഞ്ഞു

സഖികളും കൂട്ടരുംചിരിതൂകിപ്പോകുന്നു 
പൈതലിൻ മനമോ കുതൂഹുലത്തിൽ 
അമ്മാനീ ചൊൽകയെനിക്കെന്താണാപത്ത് 
വലിയാശുപത്രിയിൽ എന്നു കൊണ്ടുപോകും

മകളെസുന്ദരി, നിനക്കാപത്തെഴളുതില്ല  
എങ്ങെവിടെങ്ങുമേ പോകവേണ്ട 
പൈതലേയറിയുക നീയിനി കുഞ്ഞല്ല 
എല്ലാം തികഞ്ഞൊരു പെണ്ണൊരുത്തി

വിളയാടി നടക്കുവാൻ സമയംനിനക്കില്ല 
പഠിക്കണം പാഠവുമടുക്കള ചമയങ്ങളും 
വീടുവിട്ടിറങ്ങണം പതിവീട്ടിങ്കൽചേരണം  
അവിടെ രാജകുമാരിയായ് വാഴ്ന്നീടേണം

നിന്നെ പുണരാൻ വരുമൊരുകുമാരകൻ 
അവനായ് നിന്നെനീ  കരുതിവയ്ക്ക
വരുമൊരുനാളിലാപ്പൊൻരഥമേറിയും
പാണീഗ്രഹണംചെയ്ത് കൊണ്ടുപോകും

അവനോസുശീലനും വീരനുമായ് വരാൻ 
നീയോ നിന്നെ ശുദ്ധമായി മനനം ചെയ്ക 
അവനായ് നോൽക്കുക തിങ്കൾവ്രതങ്ങളും 
ഏകാദശികളും നീ ഇനിയുള്ള നാൾ

മകളെ നീയാണ് അവനുടെ കുലവധു 
നിന്നിൽ കളങ്കങ്ങൾ ഏറ്റുകൂടാ
നിന്നിൽ നിന്നുയർകൊള്ളണം പുതുപരന്പര 
നീയോനല്ലൊരു പെണ്ണുമാത്രം 

സ്വപ്നമാകാശനീലീമ പടർത്തുന്പോൾ  
അവളിൽ കൗമാരരൂപ പരിണാമങ്ങൾ  
തന്നുടെ മെയ്യിൽ കാലം ശിൽപം തീർക്കുന്നു 
ആ കുമാരി യുവതിയാം പെണ്ണൊരുത്തി   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ