മാതൃദിനത്തിലെ മാലാഖ

മാതൃദിനത്തിലെ മാലാഖ

അണിമഞ്ചലിൽകിടന്നമ്മ 
വിധുരയായ് ചൊല്ലിടുന്നു 
അണയുന്നതെപ്പോൾ ചാരെ  
കാണാൻ എന്നുടെ പൊന്മക്കൾ

സജലമാംതവ മിഴി രണ്ടും
കരപല്ലവത്താൽ തുടച്ചുമേ 
വൃദ്ധജന്മത്തിൻ ഘനംതൂങ്ങും
ഭാവം പിന്നിലായ് ദിനരാത്രേ
  
നക്ഷത്രം വിളങ്ങുന്ന വീട്ടിലെ
കിടപ്പറക്കുള്ളിൽ വിങ്ങും 
കരളുമായ് വൃഥാജന്മം 
ആഴുന്നു സ്നേഹത്തിനായ്

പെറ്റത് ആറ് സുന്ദരസുമങ്ങളെ
വളർന്നാറ് മേരുക്ക് സമരായി 
ആഴികടന്ന് ലോകത്തെ ജയിപ്പവർ  
ആകാശവഴിയിൽ സഞ്ചാരമിന്നഹോ
 
അണയുന്നു സായന്തന ശ്ലഥചിത്ര  
ക്ഷണപ്രഭാചഞ്ചലചുമരിങ്കൽ 
ദർശനസുഖം മാത്രം നൽകുന്ന 
ഭാവം അനുഭവ മാതക്ക് സ്വന്തം

സമയക്രമമുണ്ട് തവ മക്കൾക്ക് 
വന്നുകണ്ടുപോകാൻ കറണ്ടിന്റെ 
കാര്യം നാട്ടിൽ കഠിനമെന്നു നിത്യം      
യെളുതാം വേദനയോർക്കുന്നില്ല 
 
മണിമാളികയിൽ മരുവുന്ന 
മാതേ സുഖം നിനക്കിപ്പോൾ 
ആനന്ദ ലബ്ധിക്ക് ഇനി പറയുക 
അധികമായ് എന്തുവേണം
 
ലോകത്തെ എന്തും നിന്റെ 
കാലിങ്കൽ ഞങ്ങൾവയ്ക്കും 
ചൊല്ലുനീ പ്രിയമാതേ ഞങ്ങൾ 
പ്രാണനെപ്പോലും നൽകാം 

വന്നുല്ലോ മാതാ ദിനം മാലോക 
ഉത്സവനാളിൻ കാഹള ഘോഷം 
പോസ്റ്റുന്നു വിവിധങ്ങളാംഛായ 
ചിത്രം ഒപ്പംചിരിക്കുംമാതാമുഖം
 
മുഖതാവിൽ കന്മഷം പടരുന്നു 
കാണുന്നതില്ലാ മക്കൾ മനസ്സിന്റെ 
ദുഖഭാവം, തോന്നണമെന്നമ്മക്ക് 
നൽകണം സാമിപ്യസായന്തനം
 
അമ്മക്ക് വേണ്ടതെന്തെന്ന്
അറിയുന്നതില്ല പൊന്നുമക്കൾ 
അവരുടെ സ്വപ്നം സന്പത്തല്ലോ
അവനൽകും മോഹനലോകമല്ലോ
 
ഓർക്കുക മക്കളേ വേണ്ടിവിടെ 
അമ്മയെ സ്നേഹിക്കാൻ ഒരുദിനവും 
വേണ്ടത് സ്നേഹ സ്പർശനങ്ങൾ
വേദനയിൽ പിറക്കും സാന്ത്വനവും
 
നീർക്കുമിളക്കൊക്കും ജീവിതവും
നാളേക്ക് എന്താകും അറിവതില്ല 
നമ്മൾക്ക് നൽകാൻ സ്നേഹംമാത്രം 
ഇല്ലെങ്കിൽ ബന്ധങ്ങൾ  ബന്ധനങ്ങൾ  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ